അഭിപ്രായം പറയുന്നതു് ഏതെങ്കിലും ഉപജാപത്തിന്റെയോ തന്ത്രങ്ങളുടെയോ വന്‍ ഗൂഢാലോചനയുടെയോ ഭാഗമാണെന്നു് കണ്ടെത്തിയ സാമൂഹ്യശാസ്ത്രജ്ഞനു നന്ദി. പ്രവീണ്‍ പിയും മറ്റും ഇടപെട്ട രീതിയെക്കാള്‍ മോശമായോ ഭേദമായോ ഇടപെടാന്‍ തത്ക്കാലം കഴിയില്ലായിരുന്നു. വിക്കിപ്പീഡിയയില്‍ അവസരം തേടുന്നയാളെന്ന പേടി താങ്കള്‍ക്കുവേണ്ട. ബ്യൂറോക്രാറ്റാവാനും സ്റ്റുവേര്‍ഡാകാനുമൊന്നും ഞാന്‍ ഒരു കാലത്തും വരില്ല. വിക്കിത്തഴമ്പുള്ളവര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിനും അല്ലാത്തവര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിനും രണ്ടുവിലയാണെന്നു് മനസ്സിലായിരുന്നില്ല. ഈ വിഷയത്തില്‍ പറയാനുള്ളതൊക്കെ പറഞ്ഞു. ഏകപക്ഷീയമായി പോയ ഒരു ഡിസ്കഷനെ ന്യൂട്രലൈസ് ചെയ്യാന്‍ ശ്രമിച്ചു എന്നതുമാത്രമാണു്, താങ്കളുടെ ആരോപണത്തിനുഹേതു. ഈ ചെറുക്കന്‍, സെബിന്‍, അവനെയെനിക്കറിയില്ല എന്ന ലൈന്‍ എന്തിനാണെന്നു പിടികിട്ടിയില്ല. എന്നെ അറിയേണ്ടകാര്യമെന്താണിതില്‍? വിക്കിപ്പീഡിയയില്‍ വരുന്നവരുടെയെല്ലാം കുടുംബപുരാണം തിരക്കിയിട്ടാണോ, ഒരാളെഴുതുന്നതിനെ വിലയിരുത്തുന്നതു്? വിക്കി പഞ്ചായത്തില്‍ അനിവറിന്റെ അഭിപ്രായത്തിനു ചുവടെയും ഇതേപോലെ എഴുതിയിരിക്കുന്നതു് കണ്ടു. അനിവറാരായാലും എന്തായാലും താങ്കള്‍ക്കെന്താണു്? എന്തിനാണു് മുന്‍വിധിയോടെ മാത്രം അഭിപ്രായങ്ങളെ സമീപിക്കുന്നതു്? മെയിന്‍ ത്രെഡില്‍ സിബു പറഞ്ഞതിനോടു് യോജിച്ചുകൊണ്ടു് ചര്‍ച്ചയില്‍ നിന്നു് പിന്തിരിഞ്ഞതാണു് ഞാന്‍. എന്നിട്ടും പിന്നാലെ വന്നു് അതുമിതും പറയാന്‍ ഉണ്ടായ ചേതോവികാരത്തിനു് കാരണമെന്താണു്?

സനാതനരോഗങ്ങള്‍ക്കു ചികിത്സകൊണ്ടു് കാര്യമില്ല. അതിടയ്ക്കിടെ ഇങ്ങനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും!

വിശ്വത്തോടു്,

വിക്കിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരെ ആക്ഷേപിക്കാനല്ല, ഗോഡ്ഫാദര്‍ പ്രയോഗം നടത്തിയതു്. അതു് ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള മുനവച്ച വര്‍ത്തമാനമായി തെറ്റിദ്ധരിക്കേണ്ട. അതു് ഒരു പവര്‍ പൊസിഷനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദം മാത്രമാണു്. അതുകൊണ്ടാണു്, ഗോഡ് മദര്‍ എന്നുകൂടി ചേര്‍ത്തെഴുതിയതു്. അത്തരം പൊസിഷനെടുക്കുന്നതിനു് പഴമയും പുതുമയും ജെന്‍ഡറും ഒന്നുമൊരു ഘടകമല്ലല്ലോ.

പിന്നെ ഒരു ഫോണ്ടു് മറ്റൊന്നിനേക്കാള്‍ മെച്ചമെന്ന തീരുമാനം ഇവിടെയുണ്ടായിട്ടുണ്ടോ? മലയാളത്തില്‍ നിന്നു് രണ്ടു സ്വതന്ത്ര ഫോണ്ടുകള്‍ നല്‍കിയിരിക്കുന്നു. കാര്‍ത്തിക നല്ലതാണെന്നു് സുനില്‍ പറയുന്നു (എന്റെ അഭിപ്രായം അപ്രസക്തമാണു്). കാര്‍ത്തിക സ്വതന്ത്രഫോണ്ടല്ലാത്തതിനാല്‍, അതിന്റെ വിതരണം മൈക്രോസോഫ്റ്റിന്റെ കോപ്പിറൈറ്റ് ലംഘിക്കുമെന്നതിനാല്‍ അതു് വെബ് ഫോണ്ട്സില്‍ ഉള്‍പ്പെടുത്താനാവില്ല. ഒരു പുതിയ ലിപി ഫോണ്ടെങ്കിലും വേണമെന്ന അഭിപ്രായം മൂന്നുതവണയെങ്കിലും ഈ ഡിസ്കഷനിടയ്ക്കു് ഞാന്‍ പ്രകടിപ്പിച്ചിരുന്നു. ഇവയിലേതുഫോണ്ടു് വേണമെന്നു് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഇതൊന്നും വേണ്ടെങ്കില്‍ സിസ്റ്റം ഫോണ്ട് മതിയെന്നു് സെറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപയോക്താവിനുണ്ടെന്നാണു് ഞാന്‍ മനസ്സിലാക്കുന്നതു്. അതു് ലോഗിന്‍ ചെയ്യാത്ത യൂസര്‍ക്കും ഉണ്ടാവണം എന്നുതന്നെയാണു് എന്റെ അഭിപ്രായം. അതും നേരത്തെ പറഞ്ഞിരുന്നതാണു്. ഇവിടെ ഏതെങ്കിലും ഫോണ്ടുതന്നെ വേണം എന്നല്ല, കേരളത്തിലെ പത്രങ്ങള്‍ മിക്കതും ഓണ്‍ലൈനിലുപയോഗിക്കുന്ന ഒരു ഫോണ്ട് ഉപയോഗിക്കാനേ പാടില്ല എന്നതാണു് പ്രിമൈസ് എന്നാണു് ധാരണ. അതിന്റെ apparent ആയ വലിപ്പക്കുറവു് എങ്ങനെയാണു് തോന്നിക്കുന്നതെന്നു് വിശദമായി മുകളില്‍ എഴുതിയിട്ടുണ്ടു് (വലിപ്പക്കുറവു് തോന്നിക്കുന്ന വിവരം ഞാനും സ്ക്രീന്‍ഷോട്ട് അടക്കം നല്‍കി പറഞ്ഞിരുന്നു). അതു് വിശ്വപ്രഭയ്ക്കും അറിയാമെന്നു് 2 ാം നമ്പറിലെ രണ്ടാമത്തെ വരിയില്‍ നിന്നു് വ്യക്തമാണുതാനും. അങ്ങനെയൊരു സ്പെസിഫിക്‍ പ്രശ്നത്തെ ആ നിലയില്‍ ചൂണ്ടിക്കാട്ടി ബഗ് ഫയല്‍ ചെയ്യുന്നതു് തീര്‍ച്ചയായും പ്രശ്നം പരിഹരിക്കാന്‍ ഉതകുന്ന കാര്യമാവും.

വിക്കിഡേറ്റയാണു് സെമാന്റിക്‍ ഡേറ്റ കണ്‍സോളിഡേഷനു് ഉപയോഗിക്കുന്നതു് എന്ന പ്രസ്താവന ശരിയാണു്. അത്തരം മാറ്റങ്ങളൊക്കെ ഈ യുഎല്‍സിന്റെ കൂടി ഭാഗമായല്ലേ വരുന്നതു്? അതായതു്, ഒരു ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള കമ്പോണന്റ് യൂണിറ്റുകളല്ലേ, ഇവയോരോന്നും?

ലെഗസി ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ (വിന്‍ഡോസ് XP പോലുള്ളവ) ഉപയോഗിക്കുന്ന പുതിയ ഉപയോക്താക്കളെപ്രതിയുള്ള കണ്‍സേണ്‍ (സുനിലും വിശ്വപ്രഭയും പ്രകടിപ്പിച്ചതു്) തത്വത്തില്‍ ശരിയായിരിക്കുമ്പോഴും, അവയുടെ ഉപയോഗം തീരെ പരിമിതപ്പെട്ടുകഴിഞ്ഞില്ലേ? എത്രപേരാണു്, പുതിയ കമ്പ്യൂട്ടറില്‍ xp ഇന്‍സ്റ്റോള്‍ ചെയ്തിട്ടു്, ആദ്യമായി മലയാളം വിക്കി ഉപയോഗിക്കാന്‍ പോകുന്നതു്? ഇപ്പോള്‍ മിക്ക സൈബര്‍ കഫേകളിലും വിന്‍ഡോസിന്റെ പുതിയ വിതരണങ്ങളാണുള്ളതു്. എന്നാല്‍ മലയാളം ഡിടിപി ചെയ്യുന്നവര്‍ xp ഇപ്പോഴും ഉപയോഗിക്കുന്നുണ്ടു്. ഇതു് ഒരു interim പ്രശ്നമാണു്. ട്രൂടൈപ്പില്‍ മലയാളത്തിനായി പുതിയ സ്ക്രിപ്റ്റ് ടാഗ്, മൈക്രോസോഫ്റ്റ് പ്രൊപ്പോസ് ചെയ്തിരുന്നു. ഇതനുസരിച്ചു് റെന്‍ഡറിങ് ലോജിക്കില്‍ ചെറിയ മാറ്റങ്ങളുണ്ടാവും. ഈ പുതിയ സ്ക്രിപ്റ്റ് ടാഗ് ഉപയോഗിക്കുന്ന യൂണിക്കോഡ് ഫോണ്ടുകള്‍ മാത്രമാവും അഡോബ് ക്രിയേറ്റീവ് സ്യൂട്ടിന്റെ (ഇന്‍ഡിസൈന്‍, ഫോട്ടോഷോപ്പ്, തുടങ്ങിയവ) അടുത്ത റിലീസില്‍ പ്രവര്‍ത്തനക്ഷമമാവുക. ആസ്കി ഫോണ്ടുകള്‍ ഫേസ് ഔട്ട് ആകാന്‍ വലിയ കാലതാമസമില്ല. മലയാളത്തില്‍ പ്രവര്‍ത്തനക്ഷമമായ യൂണിക്കോഡ് ഫോണ്ടുകളുടെ എണ്ണം കുറവായതാണു് ഏക തടസ്സം. അതു പരിഹരിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസൈനര്‍മാര്‍ക്കു വേണ്ടി ഫോണ്ട് വര്‍ക്‍ഷോപ് നടത്തി ഡവലപ്മെന്റ് ഫണ്ട് ചെയ്യാന്‍ പോകുന്നുവെന്നാണു് അറിഞ്ഞതു്. അതായതു്, സര്‍ക്കാര്‍ ചെലവില്‍ ഈ ഫോണ്ടില്ലായ്മ പ്രശ്നം പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടു്. മലയാളത്തിലെ ണ്ട പ്രശ്നം കാരണം, മിക്ക ഡിടിപിക്കാരും ഇന്‍ഡിസൈനിലേക്കു മാറാതെ പേജ്മേക്കര്‍ 7ല്‍ കടിച്ചുതൂങ്ങിക്കിടക്കുന്നതു് ഇതോടെ ഒഴിവാകും. അതായതു്, മൈക്രോസോഫ്റ്റും, അഡോബുമെല്ലാം, കൊമേഴ്‌സ്യല്‍ ലക്ഷ്യത്തോടെ തന്നെ ഇതിലേക്കുള്ള മാറ്റത്തിനു് പ്രേരണയാകും. മാറ്റം നല്ലതുമാണു്. ഈ മാറ്റത്തിന്റെ കാലമാവും വരുന്ന രണ്ടുവര്‍ഷങ്ങള്‍. ചുരുക്കം പറഞ്ഞാല്‍ ഫോണ്ടിന്റെ കാര്യത്തില്‍ ഇനിയും തെറ്റിദ്ധാരണകളും അതിന്റെ പേരില്‍ ചിലരെ പ്രതിക്കൂട്ടില്‍ കയറ്റലും ഒക്കെ കാണാന്‍ കിടക്കുന്നു. (പ്രവീണും ദീപുവുമെല്ലാ, അപ്പോഴുംവരണേ, ഇതുവഴി ആനകളേയും തെളിച്ചുകൊണ്ടു്...) ഒരേ ഫോണ്ടില്‍ ഈ രണ്ടു സ്ക്രിപ്റ്റ് ടാഗുകളും സപ്പോര്‍ട്ട് ചെയ്യാനാവുമോ എന്ന പരീക്ഷണത്തിലാണു് കുറേനാളായി രജീഷ്. പക്ഷെ ലിബര്‍ ഓഫീസ് അടക്കം പല പ്രോഗ്രാമുകളിലും അതു് പ്രശ്നമാകുന്നുണ്ടു്. അതിനാല്‍ ഒരേ ഫോണ്ടിന്റെ തന്നെ രണ്ടുവ്യത്യസ്ത ബ്രാഞ്ചുകള്‍ നിലനിര്‍ത്തേണ്ടതായ ബാധ്യത ഈ കാലയളവിലുണ്ടാവാം.

(രജീഷ് എസ്എംസിയുടെ വോളന്റിയറാണെന്നു പറയുന്നതു് ഇവിടെ blasphemy ആകുമോ? സാരമില്ല, നമുക്കു് വേറെ സംഘടനയുണ്ടാക്കാം. സംഘടനകളെത്രയുണ്ടായാലും നല്ലതല്ലേ... പേരിലല്ലാതെ പേറിലും ഓപ്പണാവുക എന്നതാണല്ലോ ദീപുവിന്റെ തിയറി. പോരാത്തതിനു് 'ശ്രേഷ്ഠകോടി'യുമുണ്ടു്, മാടിവിളിക്കാന്‍ )

ആറാമത്തെ പോയിന്റിനെക്കുറിച്ചു് എനിക്കു പറയാനുള്ളതു് ഇതാണു്: ഡവലപ്മെന്റിലോ ബഗ് ഫയല്‍ ചെയ്യുന്നതിലോ ട്രാക്ക് ചെയ്യുന്നതിലോ താത്പര്യമില്ലാത്ത 'സാധാരണ' ഉപയോക്താക്കള്‍ പിന്നെ എന്തിനാണു്, ഡവലപ്മെന്റ് തടയണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതു്? പ്രവീണ്‍ ആരോപിച്ചതു്, ഇതു് ബീറ്റ റോളൌട്ട് ചെയ്തില്ലെന്നായിരുന്നു. ആറുമാസം മുന്നെ ഇതു് ടെസ്റ്റിങ്ങിനു് ലഭ്യമാക്കിയിരുന്ന കാര്യം എടുത്തുപറഞ്ഞതു് അപ്പോഴാണു്. അല്ലാതെ പ്രീഎംപ്റ്റീവ് ആയ ആര്‍ഗ്യുമെന്റേ ആയിരുന്നില്ല, അതു്.

വ്യക്തിഹത്യയില്ല എന്ന നിഷേധത്തോടു് വിയോജിക്കുന്നു. പ്രവീണ്‍ പിയുടെ ഇടപെടല്‍ ആ തരത്തില്‍ തന്നെയാണുള്ളതു്. വരിയെടുത്തെഴുതി തെളിയിക്കാന്‍ പറഞ്ഞാല്‍ കഴിയില്ല. മൊത്തത്തിലുള്ള ഇടപെടലിനെക്കുറിച്ച്, ടോണിനെക്കുറിച്ചു് ആണു് പറയുന്നതു്. അതേ പോലെ മനോജിനെ ആക്ഷേപിച്ചില്ലെന്നു് പറയാന്‍ കഴിയുമോ?  സജീവപ്രവര്‍ത്തകരെല്ലാം വിക്കിപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നു് ഉപയോക്തൃത്താളില്‍ കുറിപ്പിട്ടു് ചുമ്മാതിരുന്നു് എഡിറ്റെണ്ണം കുറയ്ക്കുന്നതു് അറിഞ്ഞുകൊണ്ടായാലും അല്ലാതെയായാലും അതു് അവരുടെ സ്വാതന്ത്ര്യത്തില്‍ പെടുന്നകാര്യമാണു് എന്നു് അംഗീകരിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, വിക്കിയുടെ ആരോഗ്യത്തിനു് നല്ലതാണോ? പകരം നിങ്ങള് വന്നിരുന്നു് ചെയ്തോ എന്നാണെങ്കില്‍ ആരാണീ നിങ്ങള്‍ എന്നു ചോദിക്കേണ്ടിവരും. ഇവിടെയങ്ങനെയൊരു നിങ്ങളുമില്ല. ചിലതു് കാണുമ്പോള്‍ തിരുത്തും. ചിലതു് വിട്ടുപിടിക്കും. ചിലര്‍ അതൊരു ജീവിതദൌത്യമായി തന്നെ ഏറ്റെടുക്കും. അവരോടു് ബഹുമാനം മാത്രമേയുള്ളൂ. പക്ഷെ അങ്ങനെയുള്ളവര്‍ ഒരു പിടിവാശിക്കു് ഉപേക്ഷിച്ചുപോകുമെന്നു് പറയുന്നതു്, അയ്യോ അച്ഛാ പോകല്ലേ വിളികള്‍ക്കു് കാതോര്‍ക്കുന്നതു്, ബാലിശമാണെന്നു പറയാതെ വയ്യ. ഷിജുവായാലും സുനിലായാലും മനോജായാലും (പക്ഷമേതായാലും) ഇതു് ബാലവാടി നിലവാരത്തിലുള്ള കളിയാണു്. അതിനെ മറികടക്കാന്‍ സ്വന്തം ഐഡിയില്‍ നിന്നു കുത്തിയിരുന്നു ബോട്ടോടിക്കാനും എന്നിട്ടു് ബാന്‍ മേടിക്കാനും ആരും വരുന്നുമില്ല. ഞാന്‍ എഴുതിയതില്‍ വ്യക്തിഹത്യയുടെ അനുരണനങ്ങളുണ്ടെങ്കില്‍ അതു് കണ്ടന്‍തടിക്കു മുണ്ടന്‍തടിയായി കരുതി അവഗണിച്ചേക്കുക.

നന്ദി