പ്രിയ മലയാളം വിക്കിമീഡിയ സ്നേഹികളെ,

മലയാളം വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ഒരു അസാധരണ സംഭവം നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നു. 4 മത് വിക്കി പ്രവർത്തക സംഗമത്തിൽ പങ്കെടുത്ത എല്ലവർക്കും ഈ സംഭവം അറിയാം. ബാക്കിയുള്ളവർക്ക് വേണ്ടിയാണു് ഈ കുറിപ്പ്.


2011 ഫെബ്രുവരിയിൽ കാസർഗോഡ് അന്ധവിദ്യാലയത്തിലെ അദ്ധ്യാപകനായ സത്യശീലൻ മാഷിന്റെ ഒരു ഫോൺ കോൾ എനിക്ക് വന്നു. അവരുടെ സ്കൂളിൽ മലയാളം വിക്കിപീഡിയ ഇ-സ്പീക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയൊഗിച്ച് കേൾക്കുമ്പോൾ/വായിക്കുമ്പോൾ ചില്ലക്ഷരം വരുന്നിടത്ത് പ്രശ്നം ഉണ്ടാകുന്നു എന്നും, അതിനാൽ വായന ശരിക്ക് നടക്കുന്നില്ല എന്നും ആ പ്രശ്നം പരിഹരിക്കാൻ സഹായിക്കണം എന്നും സൂചിപ്പിച്ചായിരുന്നു ഫോൺ കാൾ. ചില്ലുപ്രശ്നം എന്ന് പറഞ്ഞപോഴേ ഇ-സ്പീക്കിൽ 5.1 ചില്ലിനു സപ്പോർട്ട് ഇല്ലാത്തതു കൊണ്ട് വന്ന പ്രശ്നം ആണെന്ന് പിടികിട്ടി. പക്ഷെ അത് വരെ മലയാളം വായിക്കാൻ ഇ-സ്പീക്ക് എന്ന ഒരു സോഫ്റ്റ്‌വെയർ ഉണ്ടെന്ന് ഞങ്ങൾക്കാർക്കും അറിയില്ലാരുന്നു. സന്തോഷും കൂട്ടരും വികസിപ്പിച്ച ധ്വനി ആയിരുന്നു ഞങ്ങളുടെ അറിവിൽ യൂണിക്കോഡ് മലയാളം വായിക്കുന്ന ഏക സൊഫ്റ്റ്‌വെയർ. അതിനാൽ തന്നെ സത്യശീലൻ മാഷിന്റെ മെയിൽ ഞങ്ങളെ അത്ഭുതപ്പെടുത്തി.

അദ്ദേഹത്തിന്റെ ഫോൺകോളിനു ശേഷം ജുനൈദും, തച്ചൻ മകനും, ഞാനും കൂടെ ഇ-സ്പീക്കിന്റെ പ്രധാന ഡെവലപ്പറുമാരിലൊരാളായ ജോനാഥാൻ ഡുഡിങ്ടണിനെ ബന്ധപ്പെടുകയും അദ്ദേഹവുമായി ചേർന്നു് ചില്ലു പ്രശ്നവും അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട വേരെ ചില പ്രശ്നങ്ങളും പരിഹരിക്കാൻ ഉള്ള നടപടികൾ തുടങ്ങി. കുറച്ച് ആഴ്ചകൾക്കകം തന്നെ സത്യശീലൻ മാഷ് ഞങ്ങളെ വിളിച്ച് പുതിയ അപ്‌ഡേറ്റോടെ ഇ-സ്പീക്കും മലയാളവുമായി ഉണ്ടായിരുന്ന പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് അറിയിച്ചു.


അതിനുശേഷം മലയാളം വിക്കിപ്രവർത്തകരുടെ 4-മത് പ്രവർത്തക സംഗമം കണ്ണൂരിൽ വെച്ച് നടത്താൻ തീരുമാനിച്ചപ്പോൾ സത്യശീലൻ മാഷിനെ വിളിച്ച് അന്ധവിദ്യാലയത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ മലയാളം വിക്കിപീഡിയ ഉപയൊഗാനുഭവത്തെക്കുറിച്ച് ഒരു സെഷൻ നടത്തിക്കണം എന്ന് തീരുമാനിച്ചു. പക്ഷെ അദ്ദേഹം പരിപാടിക്കു വന്നപ്പോഴാണൂ് ഞങ്ങൾ ശരിക്കും ഞെക്കിയത്. കാരണം സത്യശീലൻ മാഷും കാഴ്ചശക്തി ഇല്ലാത്ത ആളായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം സഹപ്രവർത്തകരായ വേറെ ചില അദ്ധ്യപകരും (അവരും കാഴ്ചശക്തി ഇല്ലാത്തവരായിരുന്നു) കൂടെ വന്നിരുന്നു. സത്യശീലൻ മാഷിനെ സഹായിക്കാൻ അദ്ദേഹത്തിന്റെ മകനായ നളിനും കൂടെ വന്നിരുന്നു.

ഈ വിക്കിസംഗമം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ (കേരളത്തിനു പുറത്തു നിന്നും) 80ഓളം വിക്കിപീഡിയർ സംബന്ധിച്ചു. വിക്കിമീഡിയ ഫൗണ്ടേഷനിൽ നിന്നു് ബിഷാക, ഹിഷാം, ടോറി റീഡ് എന്നിവരും പങ്കെടുത്തിരുന്നു. സംഗമത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഈ താളിൽ ഉണ്ട്. കുറച്ച് പടങ്ങൾ ഈ താളിലും ഉണ്ട്. സംഗമത്തെ കുറിച്ച് എഴുതിയ ശ്രദ്ധേയമായ ഒരു പോസ്റ്റ് ഇവിടെ കാണാം.


സമ്മേളനത്തിൽ കുറെയധികം പരിപാടികൾ ഉണ്ടായിരുന്നു എങ്കിലും, സത്യൻ മാഷിന്റെ മലയാളം വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ക്ലാസ്സും അനുഭവം പങ്കിടലും ആയിരുന്നു പരിപാടികളിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച സംഗതി.  മലയാളം വിക്കിമീഡിയനായ അജയ് കുയിലൂർ സത്യൻ മാഷിന്റെ സെഷൻ വീഡിയോയിൽ ആക്കുന്നതിനു് പ്രത്യേക ശ്രദ്ധ വെച്ചു. പ്രസ്തുത വീഡിയോ നിങ്ങളുമായി പങ്കു വെക്കുന്നു.

വീഡിയോ കണ്ണി ഇവിടെ: http://www.youtube.com/watch?v=gr1T3HeBTvU ഏതാണ്ട് 9 മിനിറ്റ് ദൈർഘ്യം ആണു് ഈ വീഡിയോയ്ക്കുള്ളത്. ഈ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ച അജയ്, ഗിരീഷ് മോഹൻ, ജിതിൻ എന്നിവരെ പ്രത്യേകം അനുമോദിക്കുന്നു. തയ്യാറെടുപ്പ് ഇല്ലാതിരുന്നതിനാൽ  വീഡിയോയുടെ നിലവാരം അല്പം കുറവാണൂ് എന്ന പ്രശ്നം സദയം ക്ഷമിക്കുമല്ലോ.

സത്യശീലൻ മാഷ് മലയാളം വിക്കിപീഡിയയിൽ ഉള്ള ഒരു നാവിഗേഷനൽ ഫലകത്തെ പ്രത്യെകം അഭിനന്ദിച്ചു. അതുപയോഗിച്ചാണു് അവരിൽ പലരും പലരും ലേഖനങ്ങളിലേക്കും എത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഈ ഫലകം 2008ൽ മലയാളം വിക്കിമീഡിയനായ സാദിക്ക് ഖാലിദ് ഉണ്ടാക്കിയപ്പോൾ ഇത് ഏത് വിധത്തിൽ ആർക്ക് ഉപയോഗപ്പെടും എന്ന് ഞങ്ങളിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഇന്ന് അത് ഞങ്ങൾ മനസ്സിൽ പൊലും കരുതാത്ത ചിലർക്ക് ഉപയോഗപ്പെടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. വിക്കിപീഡിയയിലെ നിങ്ങളുടെ സംഭാവനകൾ ഒന്നും തന്നെ വൃഥാമായി പൊകുന്നില്ല എന്ന യാഥാർഥ്യത്തെ ഇത് ഒരിക്കൽ കൂടെ വിളിച്ചോതുന്നു. 2007-ൽ vadavosky എന്ന മലയാളം ബ്ലോഗർ ഒരു പോസ്റ്റിൽ കുറിച്ചിട്ട വാചകം ഒന്ന് കൂടി എടുത്ത് എഴുതട്ടെ:

ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ, അതെല്ലാം മാറ്റി വച്ച്‌ മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്‌- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന്‌ നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്‌. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.

സത്യൻ മാഷിന്റെ സെഷന്റെ വീഡിയോ ഇവിടെ http://www.youtube.com/watch?v=gr1T3HeBTvU

ആശംസകളോടെ

ഷിജുഅലക്സ്