Manoramaonline Tuesday, October 30, 2012 
തിരുവനന്തപുരം: ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ തലസ്ഥാനത്ത് വിശ്വമലയാള സമ്മേളനവും നവംബര്‍ ഒന്നിനു തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടനവും നടക്കുമ
്പോള്‍ വിവാദങ്ങളും പിന്നാലെ കൂടിയിയിരിക്കുന്നു. സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പും സാഹിത്യ അക്കാദമിയും ചേര്‍ന്നു നടത്തുന്ന വിശ്വ മലയാള സമ്മേളനം സംഘാടനത്തിലെ അബദ്ധ- പിഴവുകള്‍ കൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. പറ്റിയ തെറ്റുകള്‍ക്ക് പത്ര സമ്മേളനം വിളിച്ചു വകുപ്പുമന്ത്രി മാപ്പു പറഞ്ഞു.

മലയാള സാഹിത്യത്തിലെ പ്രമുഖരുടെ താല്‍ക്കാലിക പ്രതിമകള്‍ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പല സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ സി. വി രാമന്‍ പിള്ള സി.വി രാമനായി. ബഞ്ചമിന്‍ ബെയിലി മതപരിവര്‍ത്തകനായി. മുപ്പത്തിയേഴാം വയസില്‍ ഇഹലോകവാസം വെടിഞ്ഞ ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രതിമയില്‍ എഴുപതുകാരനായി. ആറു മാസം മുമ്പു മരിച്ചയാളിന്റെ പേര് സമ്മേളന ബ്രോഷറില്‍ പ്രസംഗകരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇതു കൂടാതെ അടിക്കുറിപ്പുകളില്‍ പലവിധ ശൈലീ പ്രയോഗ പിഴവുകളും അക്ഷരത്തെറ്റുകളും കടന്നുകൂടി. സംഘാടനത്തിലെ പിഴവുകളും ചിലരുടെ സ്വകാര്യതാത്പര്യങ്ങളും സമ്മേളനത്തിന്റെ നിറം കെടുത്തിയതിനാല്‍ തങ്ങള്‍ സഹകരിക്കുന്നില്ലെന്ന് സാഹിത്യ അക്കാദമിയിലെ അഞ്ചംഗങ്ങള്‍ പ്രസ്താവനയുമിറക്കി.

ഈ വിവാദങ്ങള്‍ക്കപ്പുറം മലയാള ഭാഷയെ തന്നെ ഗുരുതരമായി ബാധിക്കുന്ന പദ്ധതിയാണ് മലയാളത്തനിമ എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാള സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മലയാള ഭാഷാ കംപ്യൂട്ടിങ്ങിന്റെ പേരില്‍ കോടികള്‍ ചെലവാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ലോകമാകെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഇന്റര്‍നെറ്റ് ഭാഷാ വിനിമയ സംവിധാനമായ യൂണികോഡിനും സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐ ടി അറ്റ് സ്കൂള്‍ പദ്ധതിക്കും കടകവിരുദ്ധമാണെന്ന് ഈ മേഖലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു ചുവടുപിടിച്ചു കൊണ്ടുള്ള ഭാഷാഗവേഷണമാണ് പുതിയ മലയാളം സര്‍വകലാശാലയിലും വരുന്നതെന്ന് നിയുക്ത വൈസ് ചാന്‍സലറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

ലോക വ്യാപകമായി വിക്കിപീഡിയയും ഗൂഗിളും മോസില്ലയും മാക്കിന്റോഷുമൊക്കെ സ്വീകരിച്ച ഭാഷാകമ്പ്യൂട്ടിങ്ങിനു നിരക്കാത്തതാണ് നമ്മുടെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയെന്ന് മലയാളം കംപ്യൂട്ടിങ്ങില്‍ ഏറെ പ്രചാരം നേടിയ ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമായ രചന വികസിപ്പിച്ചെടുത്ത കെ.എച്ച് ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഐ ടി സ്കൂള്‍ പദ്ധതിയില്‍ നമ്മുടെ 13 ലക്ഷം കുട്ടികള്‍ നാലു വര്‍ഷമായി പഠിച്ചു വരുന്ന ഭാഷാ കംപ്യൂട്ടിങ്ങിനും നിരക്കാത്ത പദ്ധതിയാണിതെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഇതു തലതിരിഞ്ഞ ഭാഷാഗവേഷണ പ്രവര്‍ത്തനമാണെന്നും ഗൌരവമായ ഇടപെടലിലൂടെ നേര്‍വഴിക്കു തിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇതിനു സമാനമായ തല തിരിഞ്ഞ ഭാഷാ കംപ്യൂട്ടിങ് നടന്നതു ജര്‍മന്‍ ഭാഷയിലായിരുന്നു- വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിലെ അബദ്ധം മനസിലാക്കി ജര്‍മനി പിന്നീടത് ഉപേഷിക്കുകായായിരുന്നു. ഇന്റര്‍നെറ്റ്- ഓണ്‍ലൈന്‍ സംവിധാനങ്ങളെല്ലാം യൂണികോഡിലേക്ക് മാറുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരും അതിന്റെ വിവിധ വകുപ്പുകളും യൂണികോഡിനെ തന്നെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ മലയാളം സര്‍വകലാശാലയും അതിനു നേരെ വിരുദ്ധമായ രീതിയില്‍ മുന്നോട്ടു പോകുന്നത് ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ മൂലമാണെന്ന് ആക്ഷേപം ഉയരുന്നു