എല്ലാം മലയാളത്തിൽ വേണം; ഇല്ലെങ്കിൽ 25000 രൂപ വരെ പിഴ

Friday, 27 November 2015 7.21 AM IST

November 27, 2015, 3:00 am  മലയാള ഭാഷാ ബില്ലിൽ കർശന വ്യവസ്ഥകൾ
മലയാള ഭാഷാ വികസന വകുപ്പ് രൂപീകരിക്കും

തിരുവനന്തപുരം: ഔദ്യോഗിക കാര്യങ്ങളെല്ലാം മലയാളത്തിലാക്കിയില്ലെങ്കിൽ 5000 മുതൽ 25000 രൂപ വരെ പിഴ വിധിക്കാൻ നിർദ്ദേശം. വ്യവസ്ഥകൾ ലംഘിക്കുന്ന ഉദ്യോഗസ്ഥൻ സിവിൽ സർവീസസ് ചട്ടപ്രകാരം മേജർശിക്ഷ ലഭിക്കുന്ന കുറ്റം ചെയ്തതായി കണക്കാക്കും.
കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച് നിയമസഭയിൽ അവതരിപ്പിക്കുന്ന മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന്റെ കരടിലാണ് ഈ നിർദ്ദേശങ്ങൾ. വ്യവസ്ഥകൾ സംസ്ഥാനമൊട്ടാകെ കാര്യക്ഷമമായി നടപ്പാക്കാൻ മലയാള ഭാഷാ വികസന വകുപ്പ് രൂപീകരിക്കും.

പ്രധാന നിർദ്ദേശങ്ങൾ

കീഴ്ക്കോടതികളിലെ വിധിന്യായങ്ങൾ മലയാളത്തിലാക്കാൻ ഹൈക്കോടതി നടപടിയെടുക്കണം. ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഹൈക്കോടതിക്ക് ലഭ്യമാക്കണം. പെറ്റി കേസുകളിലെ വിധിന്യായങ്ങളും മലയാളത്തിലാക്കണം.
സർക്കാർ ഉത്തരവുകളിലും ചട്ടങ്ങളിലും റഗുലേഷനുകളിലും ബൈലാകളിലും ഭാഷ മലയാളമായിരിക്കണം. ഒപ്പം ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിക്കണം.
ഇംഗ്ലീഷിലുള്ള പ്രധാന കേന്ദ്ര, സംസ്ഥാന നിയമങ്ങളും ഭേദഗതികളും ആക്ടുകളുടെ ഇംഗ്ലീഷിലുള്ള ചട്ടങ്ങളും മലയാളത്തിലാക്കണം.
 എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കണം. സർക്കാർ വകുപ്പുകൾക്കും അർദ്ധസർക്കാർ, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
പി.എസ്.സിയോ ഈ സ്ഥാപനങ്ങളോ നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യങ്ങൾ മലയാളത്തിലും വേണം.
ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വിവരങ്ങൾ മലയാളത്തിലും ലഭ്യമാക്കണം.
ഈ സ്ഥാപനങ്ങളുടെ പേരും ഉദ്യോഗസ്ഥരുടെ പേരും ഉദ്യോഗപ്പേരും രേഖപ്പെടുത്തുന്ന ബോർഡുകളും വാഹനബോർഡുകളും മലയാളത്തിലാക്കണം.
അർദ്ധ ജുഡിഷ്യൽ അധികാരമുള്ള സ്ഥാപനങ്ങളിലെയും ഉത്തരവുകളും വിധിന്യായങ്ങളും മലയാളത്തിലാകണം.
വിവരസാങ്കേതിക രംഗത്ത് മലയാളഭാഷയുടെ ഉപയോഗത്തിന് സ്വതന്ത്രസോഫ്ട്‌വെയറും മറ്റും വികസിപ്പിക്കാൻ ഐ.ടി വകുപ്പ് നടപടിയെടുക്കണം.
സർക്കാരിന്റെ ഇ-ഭരണത്തിൽ മലയാളവും വേണം.
കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, മറ്റ് രാജ്യങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്കും നിയമപരമായ ഇടപെടലുകൾക്കും ഇംഗ്ളീഷ് ഉപയോഗിക്കാം.
സർക്കാരുമായുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ കത്തിടപാടുകൾക്ക് അവരുടെ ഭാഷകളോ ഇംഗ്ലീഷോ ഉപയോഗിക്കാം.
മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും മലയാളികളല്ലാത്ത വിദ്യാർത്ഥികളെ 9, 10 ക്ലാസുകളിലും ഹയർസെക്കൻഡറിയിലും മലയാളം പരീക്ഷയെഴുതുന്നതിൽ നിന്ന് ഒഴിവാക്കാം.
സ്കൂൾ, പ്ലസ്ടു, ബിരുദ തലങ്ങളിൽ മലയാളം പഠിക്കാത്തവർ പി.എസ്.സി വഴി സർക്കാർ നിയമനം ലഭിക്കാൻ മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമയ്ക്ക് തുല്യമായ പരീക്ഷ വിജയിക്കണം. ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് ഇത് ബാധകമല്ല.
മലയാളം മാതൃഭാഷയല്ലാത്ത വിദ്യാർത്ഥികൾക്ക് മലയാളവും പഠിക്കാൻ അവസരം നൽകണം.
ശാസ്ത്രസാങ്കേതിക രംഗത്തെ വികസനത്തിനനുസരിച്ച് ഏകീകൃത ലിപിവിന്യാസം വേണം.
സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ അനുമതിയോടെ പ്രവർത്തിക്കുന്ന വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കൗൺസലിംഗ് സെന്ററുകൾ, ആശുപത്രികൾ, ലബോറട്ടറികൾ, വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവയുടെ ബോർഡുകളുടെ ആദ്യപകുതി മലയാളത്തിലാക്കണം.
സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ബോർഡുകളും പരസ്യങ്ങളും രസീതുകളും ബില്ലുകളും അറിയിപ്പുകളും മലയാളത്തിലാക്കണം.
സംസ്ഥാനത്ത് നിർമ്മിക്കുന്നതോ വിൽക്കുന്നതോ ആയ എല്ലാ ഉത്പന്നങ്ങളുടെയും പേര് മലയാളത്തിലാക്കണം.
സർക്കാർപരസ്യങ്ങളും വിജ്ഞാപനങ്ങളും സർക്കാർപരിപാടികളുടെ ലഘുലേഖകളും അറിയിപ്പുകളും നോട്ടീസുകളും മലയാളത്തിലാക്കണം.
പത്രപ്പരസ്യങ്ങളിലും വലിപ്പത്തിന്റെ നിശ്ചിതശതമാനം മലയാളത്തിലാക്കണം

http://news.keralakaumudi.com/beta/mobile/news.php?NewsId=TlRWTTAyNDk2MDM=&xP=RExZ&xDT=MjAxNS0xMS0yNyAwMzowMDowMA==&xD=MQ==&cID=Mw==

Rgds,
Sandeep N Das
+91 9995480198
+1 775 409 9710