1) ഏകീകൃതലിപിയും പഴയലിപിയും ഒന്നാണോ? അല്ലെങ്കിൽ ഏകീകൃതലിപി നിലവിൽ കൊണ്ടുവരണമെന്ന ജോർജ്ജ് ഓണക്കൂറിന്റെ ആവശ്യത്തെ പഴയലിപി സ്വീകരിക്കാനുള്ള തീരുമാനമായി ചിത്രീകരിക്കുന്നത് തെറ്റല്ലേ?താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഒരു വിശദീകരണം തന്നാൽ കൊള്ളാം.
2) പുതിയലിപി നടപ്പിൽ വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നിലവിലിരിക്കെ, പഴയലിപി തിരികെ കൊണ്ടുവരാൻ SCERT-ക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസികൾക്കോ അധികാരമുണ്ടോ?
3) യുണിക്കോഡിൽ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കണ്ടന്റ് ഏത് ആസ്കി സ്കീമിലേയ്ക്കും തിരിച്ചും നൊടിയിട കൊണ്ട് മാറ്റാനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നിരിക്കെ യൂണിക്കോഡ് കണ്ടന്റ്, യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ച് തന്നെ പ്രിന്റ് ചെയ്യണം എന്ന നിർബന്ധം ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ? യൂണിക്കോഡിലെ കണ്ടന്റ് പ്രിന്റ് ചെയ്യുന്നതിന് മുൻപ് ML-TT സ്കീമിലേയ്ക്ക് മാറ്റി ടൈപ്പ് സെറ്റ് ചെയ്ത് ML-TT Karthika, ML-TT Revathi തുടങ്ങിയ പുതിയ ലിപി ഫോണ്ടുകളിൽ പ്രിന്റ് ചെയ്ത് ഉപയോഗിക്കുകയും ഡിജിറ്റൽ രൂപത്തിലുള്ള ഒറിജിനൽ ടെക്സ്റ്റ് യൂണിക്കോഡായി തന്നെ നിലനിർത്തുകയും ചെയ്യാവുന്നതല്ലേ?
3) പഴയലിപിയോ പുതിയലിപിയോ സ്വീകരിക്കപ്പെടുന്നത് ഫോണ്ട് തലത്തിലായിരിക്കെ "ഡെബിയൻ, ഫെഡോറ, ഉബുണ്ടു, വിക്കിപീഡിയ തുടങ്ങിയ വമ്പന്മാരെല്ലാം ഇതിന് അംഗീകാരം നൽകി സ്വീകരിച്ചും കഴിഞ്ഞു." എന്ന വാദം സാങ്കേതികപരിജ്ഞാനമില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നല്ലേ?
4) സ്വതന്ത്രസോഫ്റ്റ്വെയറുകളും പഴയലിപിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നിരിക്കെ "എല്ലാ സർക്കാരാപ്പീസുകളിൽ സ്വതന്ത്രസോഫ്റ്റ്വെയർ നിർബന്ധമാക്കിയിട്ടുള്ളതിനാൽ അവിടങ്ങളിലെല്ലാം സ്വാഭാവികമായും തനതുലിപിയാണ് പ്രയോഗത്തിലുള്ളത്." എന്ന പ്രസ്താവന എത്രത്തോളം അബദ്ധജഢിലമാണ്?
5) "ഇനിയുള്ള എല്ലാ ഇന്റർനെറ്റ് അധിഷ്ഠിത പ്രയോഗങ്ങൾക്കും ഇതുതന്നെ (പഴയലിപി) ആയിരിക്കും ആധാരം." എന്ന പ്രസ്താവനയ്ക്ക് എന്ത് ആധാരമാണ് ഉള്ളത്?
6) പഴയലിപി ഉപയോഗിക്കുമ്പോൾ പേജിന്റെ എണ്ണം കുറയുന്നതുകൊണ്ട് വായനയ്ക്കെടുക്കുന്ന സമയം കുറയുന്നു എന്ന വാദം ശാസ്ത്രീയമായി നിലനിൽക്കുന്നതാണോ? ഈ വാദം ശരിയാണെങ്കിൽ കൂട്ടക്ഷരം പിരിച്ചെഴുതുന്ന തമിഴ് ഭാഷ വായിക്കാൻ മറ്റുഭാഷകളുടേതിന്റെ ഇരട്ടി സമയം വേണ്ടി വരേണ്ടതല്ലേ? മംഗ്ലീഷിൽ (Roman Malayalam) എഴുതിയാൽ ടെസ്ക്റ്റിന്റെ നീളം കുറയുമെന്നു കരുതി വായന വേഗത്തിലാകുന്നുണ്ടോ?