ഈ സംവിധാനങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്നതാവണം ആദ്യമേ നോക്കേണ്ടതു്. ദിവസത്തില്‍ ഏറിയ കൂറും വിക്കിപ്പീഡിയയില്‍ കിടന്നു കുത്തിമറിയുന്നവര്‍ക്കല്ല, ഇതിന്റെയൊന്നും ആവശ്യം.

എനിക്കു് ആദ്യമായി ഒരു കമ്പ്യൂട്ടര്‍ കയ്യില്‍ കിട്ടുന്നു. യൂണിക്കോഡിനെക്കുറിച്ചോ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം എന്നതിനെക്കുറിച്ചോ എനിക്കു് യാതൊരു ധാരണയുമില്ല. അങ്ങനെയുള്ള ഞാന്‍ അബദ്ധവശാല്‍ മലയാളം വിക്കിപ്പീഡിയയില്‍ എത്തിപ്പെട്ടു. എനിക്കു് ലേഖനം വൃത്തിയായി കാണാനാവണോ വേണ്ടയോ? അതില്‍ തെറ്റുകണ്ടാല്‍ തിരുത്താനുള്ള ലിങ്ക് കണ്ടാല്‍ ഞാന്‍ ക്ലിക്‍ ചെയ്തുകഴിയുമ്പോള്‍ എങ്ങനെ ടൈപ്പ് ചെയ്യും? മംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ മലയാളത്തില്‍ വരുന്ന സംവിധാനത്തെ കുറിച്ചു് ഞാന്‍ കേട്ടിട്ടുണ്ടു്. അതിനു് എന്തുചെയ്യണമെന്നൊന്നും എനിക്കറിയില്ല. അത്തരമൊരു സംവിധാനം ഉണ്ടാകുന്നതു് നല്ലതല്ലേ?

ഇതില്‍ ആദ്യത്തെ കാര്യം വേണ്ട എന്നു് നേരത്തെ നമ്മളങ്ങ് തീരുമാനിച്ചു. അതായതു്, അഞ്ജലി ഡൌണ്‍ലോഡ് ചെയ്തു് സെറ്റപ്പ് ചെയ്യാന്‍ അറിയാവുന്നവര്‍ മാത്രം വൃത്തിക്കു് വിക്കിപ്പീഡിയ കണ്ടാല്‍ മതി എന്നു് നമ്മളങ്ങ് വച്ചു. കാര്‍ത്തിക നല്ല ഫോണ്ടാണെന്നു് സര്‍ട്ടീറ്റും കൊടുത്തു. രണ്ടാമത്തെ കാര്യം നാരായം എന്ന പേരില്‍ നമ്മള് നടപ്പാക്കിയിരുന്നു. പുതിയ യുഎല്‍എസ് വന്നപ്പോള്‍ അതിലെ പല സൌകര്യങ്ങളിലൊന്നായി ഇതുരണ്ടിനേയും ഏറ്റെടുത്തു് മറ്റുപലതിനുമൊപ്പം ലഭ്യമാക്കുന്നു. ആദ്യ പടിയായി ഇവയാണു് എടുത്തുപറയാവുന്ന ഫീച്ചര്‍ എന്നുമാത്രം. നമ്മുടെ കമ്മ്യൂണിറ്റിയുടെ സംഭാവനയെ സ്കെയില്‍ ചെയ്യുന്ന കാര്യം നാം അഭിമാനത്തോടെ കാണേണ്ടതിനു പകരം അതില്‍ ഈഗോ വിചാരിക്കുന്നതു് എത്രമാത്രം മെച്ചമാണു്?

നിലവില്‍ ലോഗ് ചെയ്ത ഉപയോക്താക്കള്‍ക്കു് മാത്രമേ സിസ്റ്റം ഫോണ്ട് മതി എന്നു സെറ്റ് ചെയ്യാന്‍ കഴിയൂ എന്നതു് ആരംഭകാലത്തെ പ്രശ്നമായിരിക്കാനാണു് സാധ്യത. ഇതു് എല്ലാ ഉപയോക്താക്കള്‍ക്കുമായി വരും എന്നുതന്നെയാണു് കരുതുന്നതു്. അതല്ലാതെയുള്ള പ്രശ്നങ്ങള്‍ (ചില്ലുകാണാത്തതും വലിപ്പക്കുറവും) പഴയ ഫോണ്ടു് സിസ്റ്റത്തിലിടുന്നതിന്റേതാണു്. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ എത്രപേര്‍ വിന്‍ഡോസ് 98 ഉപയോഗിക്കുന്നുണ്ടു്? എത്രപേര്‍ xp തന്നെ ഉപയോഗിക്കുന്നുണ്ടു്? എന്തുകൊണ്ടാണു് ഇതില്‍ നിന്നും വിന്‍ഡോസ് 7ലേക്കും 8ലേക്കും ഒക്കെ ആളുകള്‍ മാറിയതു്? ഇതേപോലെ, ഫോണ്ടിന്റെ പുതിയ വേര്‍ഷനിലേക്കു് മാറുന്നതില്‍ എന്താണു് ഈഗോയ്ക്കപ്പുറമൊരു തടസ്സം? അതുപറ്റില്ലെങ്കില്‍ 'വകയ്ക്കുകൊള്ളാത്ത' ആ ഫോണ്ടു് സിസ്റ്റത്തില്‍ നിന്നെടുത്തു ദൂരെക്കളയരുതോ സാര്‍? എന്തിനാണു് അത്രമോശപ്പെട്ട ഫോണ്ടു് ഇട്ടോണ്ടിരിക്കുന്നതു്?